Thursday, 28 July 2011

എന്റെ ഡക്കറേഷൻ സ്വപ്നങ്ങൾ

                                 


                 എന്റെ ആദ്യ പോസ്റ്റിന്റെ വിഷയം ഒരു മംഗള കർമ്മമാകട്ടെ  എന്നു വിചാരിക്കയാണ്.

                               കാര്യം എന്റെ കൂട്ടുകാരൻ ഷിബു ഒരു പോലീസുകാരനൊക്കെ ആണെങ്കിലും അവന് ആ അഹങ്കാരമൊന്നുമില്ല..പ്രതികളെ പിടിച്ച് ചാമ്പുക, അതിനുശേഷം അവന്മാരുടെ  കയ്യിൽ നിന്നു തന്നെ കാശുവാങ്ങി കേസെടുക്കാതെ വിടുക.., സംശയിച്ചു പിടിക്കുന്നവനെ തെണ്ടി റാസ്കൽ എന്നീ ഓമനപേരുകൾ വിളിച്ചതിനു ശേഷം മുട്ടുകാൽ കയറ്റുക..ഈ വിധമുള്ള സ്വഭാവ ദൂഷ്യങ്ങൾ ഒന്നും തന്നെ ഇല്ല.. ( ഇങ്ങിനെയൊക്കെ എഴുതാമെന്നു ഞാൻ വാക്കു കൊടുത്തിട്ടുള്ളതാണ്)

                                അങ്ങിനെ അവന്റെ പെങ്ങളുടെ കല്യാണമായി. കൂട്ടുകാരുടെ വീട്ടിൽ കല്യാണം വന്നാൽ പിന്നെ ഒരു കാത്തിരിപ്പാണ്..തലേദിവസ രാത്രിയായിരിക്കും മനസ്സിൽ..പുളുവടിയും..,കുപ്പിയും..പാട്ടും..കവിതയും..സഹികെട്ട് വീട്ടുകാരുടെ തെറിവിളിയുംഅതോടു കൂടി സമാധാനമാകും. ഒരു തുള്ളി ഞാൻ കുടിച്ചില്ലെങ്കിലെന്താ കുടിപ്പിക്കാൻ എനിക്കു നന്നായറിയാം ( എന്നെ വിശ്വസിക്കണം പ്ലീസ്..എന്നെ ഒരു പ്രാവശ്യം കണ്ടാൽ നിങ്ങൾക്കതു മനസ്സിലാകും)

                               കല്യാണത്തിലേയ്ക്കു തിരിച്ചു വരാം..ഷിബു എന്റെ അടുത്ത സുഹൃത്താണെങ്കിലും പെങ്ങളെ ഞാൻ കണ്ടിട്ടില്ലായിരുന്നു.കല്യാണത്തിന്റെ തലേ ദിവസമാണ് ഞാനീ കക്ഷിയെ കാണുന്നത്.കണ്ടപ്പോ എനിക്ക് ആത്മാർത്ഥമായ സഹതാപം തോന്നി,പക്ഷേ അത് ആ പെങ്കൊച്ചിനെ കെട്ടാൻ പോകുന്ന ചെക്കനോടാണെന്നു മാത്രം. ഞാൻ മനസ്സു കുടഞ്ഞു ചിന്തിച്ചു   -നാളെ ബ്യൂട്ടിഷന് പിടിപ്പതു പണിയുണ്ടാകും ഈ മുഖത്ത്- പക്ഷേ ഇതൊക്കെ പുറത്തു പറയാൻ പറ്റുമോ?....

                              രാത്രിയാ‍യതോടെ കാത്തിരുന്ന സമയമെത്തി..വീടിന്റെ ടെറസ്സിൽ ഞങ്ങളെല്ലാം ഒത്തു കൂടി..അവിടെ കുപ്പി പൊട്ടിക്കലും പാട്ടും ബഹളവും തകൃതിയായി  നടന്നു.ഉപ്പില്ലാത്ത കഞ്ഞിയില്ല എന്നു പറഞ്ഞപോലെ എന്റെ കവിതാലാപനമില്ലാത്ത ഒരു കല്യാണത്തലേന്നൊ?!!!! സമ്മതിക്കില്ല ഞാൻ.....ഞാൻ പാടി

      “ഇടവമാസ പെരുമ്മഴപെയ്ത രാവതിൽ
        കുളിരിന്നു കൂട്ടായി ഞാൻ നടന്നു
        ഇരുളിന്റെ  നൊമ്പരം  പോലൊരു കുഞ്ഞിന്റെ
        തേങ്ങലെൻ കാ‍തിൽ പതിഞ്ഞു..”

                             എന്റെ ആലാപനത്തിൽ മയങ്ങി ഓരോരുത്തന്മാർ കരഞ്ഞു..കണ്ണിൽക്കൂടി  ബ്രാണ്ടിയൊഴുകാൻ തുടങ്ങി..അപ്പോൾദയനീയമായൊരുമോങ്ങൽ..രമേശേട്ടനാണ്. 
 (വർഷങ്ങൾക്കു മുൻപ് ഈ കക്ഷി ആദ്യമായി വെള്ളമടിക്കാൻ ബാറിൽ കയറിയിട്ട്   ബിയറിന് ഓർഡർ ചെയ്തു.ബെയറർ ചോദിച്ചു “ഏതാ വേണ്ടത്..“ബിയർ എന്നു മാത്രമേ പുള്ളിക്ക് അറിയൂ, എങ്കിലും എന്തെങ്കിലും എവിടേയെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ആലോചിച്ചു നോക്കി ബെയററുടെ മുന്നിൽ നാണംകെടാൻ വയ്യ...ഒരു അഞ്ചു മിനിട്ട്  കഴിഞ്ഞ് രമേശേട്ടൻ  ഒരു പ്രൊഫഷണൽ കുടിയന്റെ സകല ഭാവാദികളോടേയും ഓർഡർ ചെയ്തു..“ഓകെ  എനിക്ക് ഒരു ടെഡീ ബിയർ  പോരട്ടെ ..” ഇതാണു ഞങ്ങടെ രമേശേട്ടൻ പക്ഷെ ഇപ്പോ എല്ലാം അറിയാം)                      
                            “വിനൂ    നിർത്തെടാ..  ആ കവിത നമുക്കു വേണ്ട...എനിക്കു സഹിക്കാമ്മേല.  നീയാ   ചിലങ്ക   കിലുക്കി പാട്ടുപാട്..”      കാവ്യ നർത്തകി പാടാനാണു അപേക്ഷിച്ചിരിക്കുന്നത്...ചങ്ങമ്പുഴ കേട്ടാൽ വന്നു രണ്ടെണ്ണം പൂശും...അവർക്കു വേണ്ടി ഞാനതും പാടി...

       “ കനക ചിലങ്ക കിലുങ്ങി കിലുങ്ങി
          കാഞ്ചനകാഞ്ചി കുലുങ്ങി..”          

                              ഇതു പാടുന്നത് പഴയ മോഡലൊന്നുമല്ല നല്ല വെസ്റ്റേൺ ട്യൂണിലാണ്.. അതു കേട്ടാൽ പാട്ടിനനുസരിച്ച് സിൽക്ക്സ്മിത മുന്നിൽ വന്ന് ഡാൻസ് കളിക്കുന്ന പോലെയൊക്കെ  തോന്നും  (സംശയമുണ്ടെങ്കിൽ ഒന്നു പാടി നോക്ക്. ചങ്ങമ്പുഴ ക്ഷമിക്കണേ.)

                             കലാപരിപാടി കഴിഞ്ഞപ്പോൾ അടുത്തപ്രശ്നം വന്നു കല്യാണക്കാർ അലങ്കരിക്കണം.അതാരു ചെയ്യും?..എന്റെ കാറാണ്പറഞ്ഞിരിക്കുന്നത്..എല്ലാവരും തെങ്ങിന്മേലും., തൂണിന്മേലുമൊക്കെ കെട്ടിപ്പിടിച്ചു നിൽക്കുവാണ്.വിട്ടാൽ തെങ്ങും തുണുമെല്ലാം  മറിഞ്ഞു വീഴും എന്നു തോന്നും ആ നിൽ‌പ്പു കണ്ടാൽ..എന്നാലും ഷിബുവിനെ കുലുക്കി വിളിച്ച് ഞാൻ ചോദിച്ചു....  “ടാ ..ടാ ഷിബൂ...നാളെ കാറ് ഡക്കറേറ്റ് ചെയ്യാൻ  ആരെയെങ്കിലും ഏൽ‌പ്പിച്ചിട്ടെണ്ടാ..? “  ഒടിഞ്ഞ കഴുത്ത് ആയാസപ്പെട്ട്  നേരെയാക്കി  ഷിബു പറഞ്ഞു..  “ഓ...ക്കെ അളിയാ.....നാളെ ബാറീ തന്നെ പോകാം  ഇന്നിപ്പ ക്ഷമീ...” എന്നിട്ട് അവനെന്റെ താടിക്കൊന്നു തഴുകി..ഇനി  അധിക നേരം അവിടെ നിന്ന് സംശയം ചോദിച്ചാൽ ഞാൻ അവന്റെ കാമുകിയാണെന്നൊക്കെ അവനു തോന്നാൻ  ചാൻസുണ്ട് .മിണ്ടാതിരിക്കുന്നതാണു ബുദ്ധി..ഞാൻ അവിടെനിന്നും മുങ്ങി

                       കല്യാണദിവസം വെളുപ്പിനേ എഴുന്നേറ്റ്  ഞാൻ കാറൊക്കെ കഴുകി തുടച്ച് ഡക്കറേറ്റ് ചെയ്യാൻ ആരംഭിച്ചു.....അതു കണ്ട് എളിക്കു കയ്യും കൊടുത്ത് നിന്ന് അമ്മ ചോദിച്ചു

                        “ ഇതൊക്കെ കാശുകൊടുത്താൽ ചെയ്തു തരാൻ  വേറെ ആൾക്കാരില്ലേ..?..”  അതുകേട്ട് ഞാൻ അമ്മയെ നോക്കി ഒരു ചിരിചിരിച്ചു.... എന്തറിയാം എന്നെ പറ്റി..അമ്മയാന്നും പറഞ്ഞ് നടക്കുവാ..അമ്മയൊന്നും എന്റെ അമ്മയാവേണ്ടതേ....യല്ല എന്നൊക്കെയായിരുന്നു ആചിരികൊണ്ട് ഞാൻ അർഥമാക്കിയത്.

                           പലകളർ  റോസാപൂക്കളും ഓർക്കിഡും എവർഗ്രീൻ ഇലകളും കൊണ്ട് എന്റെ ഭാവനയ്ക്കനുസരിച്ച് ഞാൻ കാർ അലങ്കരിച്ചു കൊണ്ടിരുന്നു.. അടുത്തു കൂടിയ ചേട്ടന്റെ മോളെ ഞാൻ വിരട്ടി.... “ തൊട്ടുപോകരുത് അടുത്താലറിയാം...”  പൂക്കളുടെ കാര്യത്തിൽ ഈ പെണ്ണുങ്ങളെ അത്ര വിശ്വസിക്കരുത് കണ്ണു തെറ്റിയാൽ അടിച്ചു മാറ്റും.

                          ഏതാണ്ട്  2 മണിക്കൂറത്തെ  എന്റെ  പ്രയത്നത്തിലൂടെ കല്യാണക്കാർ മനോഹരമായി അലങ്കരിക്കപ്പെട്ടു...പുറകിലത്തെ ചില്ലിൽ  “ആൻഡ്രൂസ് വെഡ്സ്  മാർഗ്രറ്റ് ..”എന്ന് തെർമ്മോക്കോളിൽ  വെട്ടി ഒട്ടിച്ചു ചേർത്ത് ഞാൻ സംതൃപ്തിയുടെ ദീർഘനിശ്വാസത്തൊടെ ആ കാർ കണ്ണുകൾ കൊണ്ടൊന്നു തഴുകി..ഹോ  ഇതൊക്കെ ഞാനാണല്ലോ ചെയ്തത്..എന്നെ സമ്മതിക്കണം എന്നൊക്കെ തോന്നി ഞാനാകെ വിജ്രംഭിതനായിപ്പോയി.   വീട്ടിൽ കയറി മുറിയുടെ വാതിലടച്ചിട്ട് കണ്ണാടി നോക്കി യുദ്ധം ജയിച്ച രാക്ഷസനെപ്പോലെ   “ഹെ ഹ് ഹ ഹ ഹ  ഹ..” എന്നൊരു ചിരിചിരിച്ചു. ഇന്നവന്മാരുടെയൊക്കെ കണ്ണു തള്ളിക്കണം..ഞാൻ വേഗത്തിൽ കുളിച്ച്  റെഡിയായി കാറെടുത്ത് കല്യാണവീട്ടിലെയ്ക്ക് തിരിച്ചു


                                    പള്ളിയിലേയ്ക്ക് 11 മണിയ്ക്ക് പോയാൽ മതി. ഞാൻ ചെല്ലുമ്പോൾ സമയം 9 .30.  ആൾക്കാർ എത്തുന്നേയുള്ളു.കാർ വീട്ടിലേയ്ക്കു കയറ്റാതെ മാറ്റിയിട്ടു.. ഞാൻ അത്രയും നേരം ചെലവാക്കി.., ബുദ്ധിമുട്ടി അലങ്കരിച്ചത്  ഇവരൊക്കെ അങ്ങിനെ കൂളായി ഒറ്റനിമിഷം കൊണ്ട് കാണണ്ട എന്നൊരു അഹങ്കാരക്കുശുംമ്പ് കൂടി എനിക്കുണ്ടായിരുന്നു

                              “ ടാ..വിനു ...കാർ ഡക്കറേറ്റ് ചെയ്താ..?”    ഒഹ് എന്തൊരന്വേഷണം. .ഇന്നലെ കാറിന്റെ കാര്യം പറഞ്ഞപ്പോ ബാറിന്റെ കാര്യം പറഞ്ഞവനാണ്

                              “ങാ ചെയ്ത്  ചെയ്ത്..” ഒരുങ്ങിയിങ്ങ് വന്നാമാത്രം മതി കൂടുതൽ കാര്യങ്ങളൊന്നും അന്വേഷിക്കണ്ട എന്നു കൂടിയുണ്ടായിരുന്നു ആ ഉത്തരത്തിൽ

                   അവിടെ  വീട്ടിനകത്ത്  ബ്യൂട്ടിഷൻ പെടാപ്പാട്പെടുവാണ്.അവളിന്നു തോറ്റു തൊപ്പിയിടും... പെട്ടെന്നെനിക്കൊരു വെളിപാട്..-ഇനി ഏതെങ്കിലും കുരുത്തം കെട്ട പിള്ളേർ എന്റെ കാറിന്റെ ഡക്കറേഷനു മേലെ വേറേ ഡക്കറേറ്റ് ചെയ്യുമോ....അയ്യോ......ഞാനോടി  ‘ഒഹ്‘ ആശ്വാസം ഇതുവരെ  ഒന്നും പറ്റിയിട്ടില്ല.എന്നാലും കാർ അവിടെ ഇടാൻ എനിക്കത്ര ഉറപ്പു പോര. ഞാൻ ചുറ്റും നോക്കി കുറച്ചപ്പുറത്ത്  വലിയ ഒരു പറമ്പുണ്ട്.   സ്ഥലത്തിനൊക്കെ വില കൂടിയപ്പോൾ  ഉടമസ്ഥൻ മതിൽ കെട്ടി വളച്ച് സുരക്ഷിതമാക്കിയിരിക്കയാണ്,,.വീതിയുള്ള ഗേറ്റും വച്ചിട്ടുണ്ട്..യെസ്..ഇതു  തന്നെ സ്ഥലം..സന്തോഷത്തോടെ  ഞാൻ കാറിൽ ചാടി ക്കയറി ആ പറമ്പിലേയ്ക്ക് കാർ കയറ്റിയിട്ട്  ഒന്നു കൂടി ഡക്കറേഷൻ നോക്കി ആസ്വദിച്ചു..എന്നിട്ട് പുറത്തു കടന്ന് ഗേറ്റ്  അടച്ചു.


                                തിരിച്ചു ചെല്ലുമ്പോൾ ബ്യൂട്ടിഷൻ വിയർത്തു കുളിച്ച് അവശയായി  ഇറങ്ങി പോകുന്നതു കണ്ടു....അകത്ത് മണവാട്ടിയുടെഫോട്ടൊസെഷൻ നടക്കുന്നു..ഒന്നെത്തിനോക്കി കറിച്ചട്ടിക്കു ചാരം പൂശിയപോലുണ്ട്...ഒന്നും ചെയ്യാതിരിക്കുന്നതായിരുന്നു ഇതിലും ഭേദം.,.പക്ഷേ പുള്ളികാരി ഭയങ്കര ആ‍ത്മവിശ്വാസത്തിലാണ്..നോ പ്രോബ്ലം...നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നല്ലേ.

                                  ഇറങ്ങാൻ സമയമായി..മണവാട്ടി കുരിശ്ശ് വരച്ചു ,അപ്പോൾ ഞാൻ ഇടയ്ക്ക് ഷിബു പറയാറുള്ളത്  ഓർത്തു “ആ കുരിശ്ശിനെ ഇറക്കിയിട്ടു വേണം  എനിക്ക് കെട്ടാൻ..”ആ കുരിശ്ശാണ് ഇപ്പോൾ ഇരുന്ന് കുരിശ്ശ് വരയ്ക്കുന്നത്. ഞാൻ ഷിബുവിനെ നോക്കി അവൻ എല്ലാവരെയും നോക്കി ഭവ്യതയോടെ ചിരിക്കുന്നു..”ഇനി അടുത്തത് ഞാൻ.” എന്നൊരു ഭാവമില്ലെ അവന്റെ മുഖത്ത്..?!

                              ഇറങ്ങിയപ്പോൾ ഷിബു ചോദിച്ചു         “കാറെവിടെടാ....?
                                  
                               “ദാ  അപ്പുറത്തെ പറമ്പിലൊണ്ട്..”       

                               മണവാട്ടിയും സംഘവും ആ പറമ്പിലേയ്ക്ക് നീങ്ങി, പടനായകനെപ്പോലെ മുന്നിൽ ഞാൻ....  “വാ..” കൈ പൊക്കി ആംഗ്യം കാട്ടി ഞാൻ ഗേറ്റ് മലർക്കെ തുറന്നു.. എന്നെ ആരാണ്ടും ചുറ്റികയ്ക്കടിച്ച് താഴ്ത്തിയപോലെ...എന്റെ നെറുകം തല തുളച്ച് എന്തോ ഒന്ന് പാദത്തിൽ കൂടി ഭൂമിയിലേയ്ക്ക് കണക്ഷൻ കൊടുത്തപോലെ.. കണ്ണിൽ ഇരുട്ടുകയറി..എന്റെ ഡക്കറേഷൻ  സ്വപ്നങ്ങൾ  ഒരു പശു അവിടെ അയവെട്ടി കൊണ്ടിരിക്കുകയായിരുന്നു

                                  പൂക്കളൊന്നുമില്ല..പൂവിന്റെ തണ്ടുകളും അഞ്ചാറിലകളും മാത്രം അവശേഷിപ്പിച്ച് ആ ദുഷ്ട്ടത്തി പശു ബാക്കി മുഴുവൻ തീന്നു കളഞ്ഞു....കുറച്ചു കറുകപുല്ലുകൾ എന്നെ കളിയാക്കനെന്നപോലെ കാറിന്റെ അവിടവിടെയായി നാക്കിൽ തൊട്ട് ഒട്ടിച്ചു വച്ചിരിക്കുന്നു..എന്റെ നിയന്ത്രണത്തെ ഞാൻ വട്ടം പിടിച്ചു നിലയ്ക്കു നിർത്താൻ ശ്രമിച്ചു എങ്കിലുംആ പശുവിന്റെ വാലിൽ പിടിച്ച് കറക്കി നിലത്തടിക്കാനും .., ഓടിച്ചെന്ന് അതിന്റെ ചെവികടിച്ചു പറിക്കാനും..,അകിട് ഒറ്റചവിട്ടിനു തെറിപ്പിച്ചു കളയാനും ഒരു ഭ്രാന്തനെപ്പോലെ ഞാൻ ആഗ്രഹിച്ചു  പോയി..

                                       കാര്യം ഞാൻ പറയാതെ എല്ലാവർക്കും മനസ്സിലായി  “വാ..കേറ്  കേറ്..”  എന്നോട് പ്രത്യേകിച്ച് ഒന്നും പറയാതെ കാറിൽ കയറാനുള്ളവരൊക്കെ കയറി..ഞാൻ കാറിന്റെ പിൻ വശത്തൂടെ ചെന്നപ്പോൾ കണ്ടു...ചില്ലിൽ തെർമ്മോക്കോളിൽ എഴുതിവച്ചിരിക്കുന്നതിന് ചില വ്യതിയാനങ്ങൾ..!!  ഞാൻ വായിച്ചു  “ഡ്രൂസ്   ഡ്സ്   രറ്റ്.” ആർത്തിമൂത്ത പശു തെർമ്മോക്കോളും തിന്നോ...  എനിക്ക് വിശ്വസിക്കാൻ പറ്റിയിട്ടില്ല ഇപ്പോഴും....സുഹൃത്തുക്കളേ  പറയൂ  പശു തെർമ്മോക്കോൾ തിന്നുമോ..?

                                       വളരെ  നിസ്സഹായനായി  നിരാശനായി ഞാൻ വണ്ടിയോടിച്ചു...കാർ കടന്നു പോകുമ്പോൾ കാറിന്റെ കോലം കണ്ട് ആളുകൾ നോക്കുന്നതും  “ഡ്രൂസ്  ഡ്സ് രറ്റ് “ വായിച്ച്  -ഇതെന്താ സംഭവം- എന്നു വാപൊളിക്കുന്നതും  ഞാൻ കണ്ണാടിയിലൂടെ കണ്ടുകൊണ്ടേയിരുന്നു..

                                       “...എന്തായാലെനിക്കെന്താ.. ഞാനീ നാട്ടുകാരനേയല്ല ..ആരാണ്ടിന്റേം കല്യാണം  ആരാണ്ടും ഡക്കറേറ്റ് ചെയ്ത കാറും..ഞാൻ ഒരു ഡ്രൈവറ്..അത്രേള്ളു..”

                  *****************************************************************


Friday, 22 July 2011

ഞാൻ

          എന്റെ സുഹൃത്തുക്കളേ....,ആദ്യമൊരു ബ്ലോഗ് ഉണ്ടാക്കിയിട്ട് ,എന്നെ സഹായിച്ച  മറ്റൊരു ബ്ലോഗുമായി കൂട്ടിമുട്ടി തകർന്നു.(ചിലകാര്യങ്ങൾ).ഞാൻ ക്രിയേറ്റ് ചെയ്തതിന്റെ കുഴപ്പമായിരുന്നു...കാലെടുത്തു വച്ചതേ പ്രശ്നം....ഈശ്വര വിശ്വാസിയായതു കൊണ്ട് രാശിയും കാലവുമൊക്കെ നോക്കി ഞാൻ മറ്റൊരു ബ്ലോഗ് തുടങ്ങുവാണ്... ദയവായിട്ട് എന്നെ ആദ്യത്തെ ബ്ലോഗിൽ പിന്തുണയ്ക്കാൻ സന്മനസ്സുകാണിച്ച മൂന്നുനാലുപേരും, മറ്റു ബൂലോക നിവാസികളും, എന്നോടു സദയം ക്ഷമിച്ച്  ഈ ബ്ലോഗ് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ എന്നെപിന്തുണയക്കണം...ഞാനിവിടെആദ്യമാണ്..മുന്നിലേയ്ക്കു നോക്കുമ്പോൾ നിങ്ങൾ വെട്ടിത്തെളിച്ചിട്ടിരിക്കുന്ന വഴികൾ..ഞാനിവിടെ പരിഭ്രമിച്ചു നിൽക്കുന്നു.....എനിക്കു നടക്കാവുന്ന വഴികളോ ഇത്.???!!!